Sunday, November 19, 2017

               ദുരിതപര്‍വ്വം

2014 എന്ന വര്‍ഷം ഇന്ത്യയുടെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന വര്‍ഷം ആയിരുന്നു. അന്നേ വര്ഷം മേയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അങ്ങേ അറ്റം അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ആയിരുന്നു കാഴ്ച വച്ചത്. മേയ് 16 നു ഫലപ്രഖ്യാപം നടന്നത് ഏവരെയും അമ്പരപ്പിച്ച ഉത്തരങ്ങള്‍ നല്‍കിക്കൊണ്ട് ആയിരുന്നു.
 
എന്നെന്നേയ്ക്കുമായി അവസാനിച്ചു എന്ന് ഏതാണ്ടെല്ലാ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയ കേന്ദ്ര ഭരണത്തിലെ ഏകകക്ഷി സമ്പ്രദായം, ഒരു കൊണ്ഗ്രെസ്സെതര കക്ഷിയുടെ നേതൃത്വത്തില്‍ മുപ്പതാണ്ടുകള്‍ക്ക് ശേഷം വീണ്ടും സംഭവിച്ചു. 1984 നു ശേഷം ഒരു കക്ഷി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുത്തു എന്നത് മാത്രമായിരുന്നില്ല പ്രത്യേകത, പ്രത്യുത ഇന്ത്യയിലെ ഭരണത്തില്‍ കുടുംബാവകാശം കൈമാറിക്കിട്ടിയ കൊണ്ഗ്രെസ്സ് എന്ന ഫ്യൂഡല്‍ പാര്‍ട്ടി അതിന്റെ അഹന്തയുടെയും, ലോകം തന്നെ അവമതിപ്പോടെ കണ്ട കൊടിയ അഴിമതികളുടെയും പരിണതഫലമായി അതിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട നിലയിലേയ്ക്ക് തകര്‍ന്നടിഞ്ഞു പോകുകയും ചെയ്യുന്നത് ലോകം കണ്ടു.

ടീം മോഡി എന്ന ഒരു ചെറിയ കൂട്ടം ആള്‍ക്കാര്‍ ,നരേന്ദ്ര മോഡി എന്ന പുത്തന്‍ മധ്യവര്‍ഗ മിശിഹായെ മുന്നില്‍ നിര്‍ത്തി, പിന്നില്‍ സംഘ പരിവാര്‍ സംഘടനകളുടെ പൂര്‍ണ പിന്തുണയോടെ, കൈമെയ് മറന്നു നടത്തിയ ദീര്‍ഘ നാളത്തെ പരിശ്രമങ്ങളുടെ വിളവു കൊയ്യല്‍ ആയിരുന്നു അന്നേ ദിവസം നടന്നത്.
"ഇപ്പോള്‍ ഇല്ലെങ്കില്‍ ഒരിക്കലും ഇല്ല" എന്ന വ്യക്തമായ സന്ദേശം ഓരോ സംഘ പരിവാര്‍ പ്രവര്ത്തകന്റെയും തലച്ചോറില്‍ ചെലുത്തി, അവരുടെ പൂര്‍ണ അര്‍പ്പണത്തോടെ, വന്‍കിട കോര്‍പറേറ്റ് ഭീമന്മാരുടെ  ഉദാര ധന സഹായത്തോടെ, അമേരിക്കയില്‍ നിന്നും വിലയ്ക്കെടുത്ത പി ആര്‍ കമ്പനികളുടെ നേതൃത്വത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചണ്ഡ  പ്രചാരണങ്ങളുടെയും മസ്തിഷ്ക പ്രക്ഷാളനങ്ങളുടെയും  തോളില്‍‌ ഏറി ആയിരുന്നു ടീം മോഡിയുടെ ഈ മിന്നുന്ന പ്രകടനം.

സ്വാഭാവികമായി ഒട്ടനവധി വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ നിരത്തി ആയിരുന്നു NDA തിരഞ്ഞെടുപ്പിനെ നേരിട്ടത്.ഇന്ന് ഇപ്പോള്‍ അവരുടെ ഭരണ കാലാവധിയുടെ മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ ഈ സമയം അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം അവര്‍ക്ക് നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട് എന്നത് വിലയിരുത്തുന്നത് നന്നായിരിക്കും.
 
നമ്മള്‍ക്ക് നല്ലത് പോലെ അറിയാവുന്നത് പോലെ സാമ്പത്തിക നയങ്ങളുടെയും നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലും ബി ജെ പി എന്ന കക്ഷി കൊണ്ഗ്രെസ്സ് എന്ന ദല്ലാള്‍ പാര്‍ട്ടിയുടെ ക്ലോണ്‍ മാത്രമാണ്. കൊണ്ഗ്രെസ്സ് തൊണ്ണൂറുകളില്‍ തുടക്കമിട്ട പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി,കൂടുതല്‍ തൊഴിലാളി വിരുദ്ധമായി, അങ്ങേ അറ്റം ജനവിരുദ്ധമായി നടപ്പിലാക്കിക്കൊള്ളാo എന്ന സംഘപരിവാര്‍  ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തന്നെ ആയിരുന്നു ഇന്ത്യയിലെ വന്‍കിട ക്രോണി കാപ്പിറ്റലിസ്റ്റുകള്‍ തങ്ങളുടെ പാര്‍ട്ടി ആയിരുന്ന കൊണ്ഗ്രെസ്സിനെ കൈവിട്ടത്. ആ വാഗ്ദാനം  അത്യന്തം കാര്യക്ഷമമായി മോഡി നടപ്പിലാക്കുന്നതാണ് ഈ മൂന്നു വര്‍ഷവും നമ്മള്‍ കണ്ടത്.

മൂന്നു വര്‍ഷത്തെ മോഡിയുടെ പ്രകടനം വിലയിരുത്തുന്നതിന് മുന്നേ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സമഗ്രമായി കാര്യങ്ങളെ മനസ്സിലാക്കുന്നതിനു സഹായിക്കും എന്ന് തോന്നുന്നു.

ഒന്നാമതായി മോഡി ആരാണ് എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം മനസ്സിലാക്കാന്‍ 1990 കളുടെ തുടക്കത്തില്‍ അഷീഷ് നന്ദി, അന്ന് രാഷ്ട്രീയ രംഗത്തെ ഒരു NON-ENTITY ആയിരുന്ന മോഡിയുമായി നടത്തിയ സുദീര്‍ഖമായ അഭിമുഖത്തിനു ശേഷം എഴുതിയ അഭിപ്രായം ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.It was a long rambling interview, but it left me in no doubt that here is a classic, clinical case of a fascist ( I never use the term “fascist” as an abuse, to me, it is a diagnostic category)

NB : Ashis Nandy who is a clinical psychologist by training is indicating the much discussed concept of Theodore Adorno’s ‘personality trait indicator’ -“fascism scale”.

ഈ ഫാസിസ്റ്റ് വ്യക്തിത്വങ്ങളുടെ എല്ലാ ലക്ഷണങ്ങളും നമുക്ക് മോടിയില്‍ ദര്‍ശിക്കാന്‍ സാധിക്കും. അത് അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആയാലും, പറയുന്നതിന്റെയും പ്രവര്‍ത്തനത്തിന്റെയും വൈരുധ്ധ്യത്തിലായാലും, വൈകാരിക തലത്തിന്റെ അഭാവത്തിലായാലും, ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ വേണ്ടി എന്ത് റിസ്കും ഏറ്റെടുക്കാനുള്ള മാനസിക ഘടന ആയാലും, സര്‍വോപരി എതിര്‍ ശബ്ദങ്ങളോടുള്ള രോഗാതുരമായ അസഹിഷ്ണുതയില്‍ ആയാലും ഒക്കെ.

മോഡി സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ഈയൊരു നിരീക്ഷണം വളരെ പ്രസക്തമാണ്. കാരണം മോഡിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്ന് വിമര്‍ശനങ്ങളോടുള്ള അങ്ങേ അറ്റത്തെ  അസഹിഷ്ണുതയാണ്. ഗുജറാത്തില്‍ വളരെ ഫലപ്രദമായി വെളിവാക്കപ്പെട്ട ഒരു സംഗതിയാണ് ഈ അസഹിഷ്ണുത. ഗുജറാത്ത്‌ കലാപത്തില്‍ മോഡിയ്ക്കെതിരെ സംസാരിക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം ചില ഉദ്യോഗസ്ഥര്‍ ,മലയാളിയായ ശ്രീകുമാര്‍ ഉള്‍പ്പടെ, കടുത്ത വേട്ടയാടലും പീഡനങ്ങളും ആയിരുന്നു നേരിടേണ്ടി വന്നത്.

ഇതേ ഗതി തന്നെ ആണ് മോഡിക്കാലത്ത്, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കാന്‍ മുതിരുന്ന ഏതൊരാള്‍ക്കും നേരിടേണ്ടി വരുന്നത്. അവര്‍ ഒന്നുകില്‍ മൌ ഇസ്ടുകള്‍ (To the editor. Pls dont edit it as മാവോയിസ്റ് , ശരി മൌ സെ തുങ് എന്നും മൌ ഇസ്റ്റ് എന്നും ആണ്) ,അല്ലെങ്കില്‍ ദേശ വിരുദ്ധര്‍ ആയി മുദ്ര കുത്തപ്പെടുകയും നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുകയാണ്. യു പി എ സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മോഡി, രാജ്യത്തെ പൊതു സമ്പത്ത് തുച്ചമായ വിലയ്ക്ക് ക്രോണി കോര്‍പറെറ്റ് മുതലാളിമാര്‍ക്ക് തീറെഴുതുന്ന നയത്തിന്റെ തുടര്‍ച്ചയായി ,ഇത്തരം നയങ്ങളുടെ ദുരിതം പേറേണ്ടി വരുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള ദരിദ്ര ജനതയെ,അവര്‍ ഇത്തരം ദ്രോഹകരമായ നയങ്ങള്‍ക്കെതിരെ സംഘടിക്കുമ്പോള്‍, പട്ടാളത്തെ ഇറക്കി അവരെ ദിനംപ്രതി കൊന്നൊടുക്കുകയാണ്. അവര്‍ വികസന വിരോധികളും  മൌ ഇസ്റ് ഭീകരരും,രാജ്യദ്രോഹികളും ആയി മുദ്ര ചാര്‍ത്തി കൊല ചെയ്യപ്പെടുന്നു.


സംഘപരിവാര്‍ സാംസ്കാരിക മൂലധനം സവര്‍ണ ഹൈന്ദവ ബ്രാഹ്മിണിക്കല്‍ ജ്ഞാനമണ്ഢലത്ത്തില്‍ അധിഷ്ടിതമാണ്. അതിന്റെ ഏറ്റവും വലിയ ൌര്‍ബല്യം, അതിന്റെ അപാരമായ യുക്തിഹീനതയും മനുഷ്യ വിരുദ്ധതയും ആണ്. അത് തുറന്നു കാട്ടപ്പെടുമ്പോള്‍, അതിനെ യുക്തികൊണ്ട് എതിര്‍ക്കാന്‍ സാധ്യമല്ല എന്ന സത്യം നല്ലവണ്ണം അറിയാവുന്ന സവര്‍ണ ഹിന്ദു ഫാസിസ്റ്റുകള്‍, അത്തരം സാഹസങ്ങള്‍ക്ക്‌ മുതിരുന്ന യുക്തിചിന്തകരെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ആണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ നിരവധി യുക്തിവാദികള്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബി ജെ പിയ്ക്കും സംഘ പരിവാര്‍ പ്രത്യശാസ്ത്രത്തെ എതിര്‍ക്കുവാനും അവരുടെ പ്രചരണങ്ങളിലെ നുണകളെ തുറന്നു കാട്ടുവാനും മുതിരുന്ന പത്രപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനോ, അതിനു വഴങ്ങിയില്ല എങ്കില്‍ ഉന്മൂലനം ചെയ്യാനും ഫാസിസ്റ്റ് ശക്തികള്‍ തുനിഞ്ഞിറങ്ങുകയാണ്. അവരുടെ അനിഷ്ടത്തിനു വിധേയരാവേണ്ടി വരുന്ന എഴുത്തുകാരെയും ബുദ്ധി ജീവികളെയും, വികസനവിരോധികളും, രാജ്യദ്രോഹികളും ,തീവ്രവാദികളും ആയി മുദ്രകുത്തി നിരന്തരം വേട്ടയാടുകയാണ്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ലുംപന്‍ വിഭാഗങ്ങള്‍ക്ക് ഭരണതലങ്ങളില്‍ നിന്നും യാതൊരു മറയും ഇല്ലാതെ പിന്തുണ ലഭിയ്ക്കുന്നുണ്ട് എന്നതും അവര്‍ ഒരിക്കലും നിയമത്തിനു മുന്നില്‍ എത്തില്ല എന്നത് ഉറപ്പുവരുത്താന്‍ ഭരണകൂടം ശ്രദ്ധിക്കുന്നുണ്ട്  എന്നതും കാര്യങ്ങളെ വളരെ ഗൌരവതരമാക്കുന്നുണ്ട് എന്നതും കാണാന്‍ കഴിയും.

ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ,ആംനെസ്റ്റി ഇന്റര്‍നാഷണലും ഒക്കെ അവരുടെ റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല ഗവണ്മെന്റിന്റെ ജനവിരുദ്ധ ,തൊഴിലാളി വിരുദ്ധ, പ്രകൃതി വിരുദ്ധ നടപടികളെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്ന സംഘടനകളെ നിരോധിയ്ക്കുവാനും വിദേശ സഹായ നിയന്ത്രണ നിയമം ഉപയോഗിച്ച് ശ്വാസം മുട്ടിക്കുവാനും ആണ് മോഡി ശ്രമിക്കുന്നത്.

മറ്റൊരു അടിസ്ഥാന മോഡി സ്വഭാവം ഭരണകൂടത്തിന്റെ ദളിത്‌ വിരുദ്ധതയാണ്. പശു സംരക്ഷകര്‍ എന്ന പേരില്‍ സാമൂഹ്യ വിരുദ്ധ കാവിപ്പടയെ ഉപയോഗിച്ച് ദളിത്‌,പിന്നോക്ക ജനതയെ ഭീഷണിപ്പെടുത്താനും അവര്‍ഉന്നയിക്കുന്നഅടിസ്ഥാനപ്രശ്നമായമനുഷ്യാവകാശവും ,ഭൂപരിഷ്കരണത്തെയും ഒക്കെ അട്ടി മറിയ്ക്കാന്‍ ആണ് മോഡിയുടെ ശ്രമം. ഒരു ഭാഗത്ത് മോഡിയുടെ സ്ഥിരം സ്വഭാവം ആയ "വലിയവായില്‍ പ്രസംഗം നടത്തുക" എന്നിട്ട് നേരെ വിപരീതമായ കാര്യങ്ങള്‍ ചെയ്യുക എന്ന പതിവ് രീതി വച്ച് ,താന്‍ ഒരു ഭയങ്കര അംബേദ്‌കര്‍ ഭക്തന്‍ ആണ് എന്ന് ദളിതുകളോട് പ്രസംഗിയ്ക്കുക എന്നിട്ട് ഗൂണ്ടാകളെ ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്തുക എന്നത് രാജ്യത്തുടനീളം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കയാണ്‌.

അടുത്ത ഏറ്റവും വിനാശകരമായ പ്രവണത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടത്തുന്ന കയ്യേറ്റമാണ്. ഫണ്ടുകള്‍ വെട്ടിച്ചുരുക്കുക,സംഘപരിവാര്‍ അനുകൂലികളായ അഞ്ചാംപത്തികളെ സുപ്രധാന സ്ഥാനങ്ങളില്‍ തിരുകിക്കയറ്റുക മുതലായ പ്രവൃത്തികള്‍ അനുസ്യൂതം തുടരുകയാണ്. എക്കാലവും ഭരണ വര്‍ഗങ്ങളുടെ കണ്ണിലെ കരടായിരുന്ന, ജെ എന്‍ യു വിനെതിരെ എ ബി വി പി എന്ന സംഘപരിവാര്‍ ട്രോജന്‍ കുതിരയെ ഉപയോഗിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഉപജാപങ്ങളും, കയ്യേറ്റങ്ങളും ഈയൊരു മാസ്റ്റര്‍ പ്ലാനിന്റെ ഭാഗം തന്നെ ആണ്.

മോഡിയുടെ വിശ്വസ്തരായ ക്രോണികള്‍ക്ക് വഴിവിട്ടു സഹായം നല്‍കിയതിനെ തുടര്‍ന്ന് പാപ്പരാകുന്നതിന്റെ വക്കില്‍ എത്തിയ പൊതുമേഖലാ ബാങ്കുകളെ റി ഫിനാന്‍സ് ചെയ്യാന്‍ വേണ്ടി അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കിയ de-monetization എന്ന പരിഷ്കാരത്തിലൂടെ ജനങ്ങളെ നിലയില്ലാത്ത ദുരിതക്കയത്തിലെയ്ക്ക് തള്ളി വിടുന്നതില്‍ മോഡി കാണിച്ച കൌശലം ഈ മനുഷ്യന്റെ സഹജമായ ദ്വന്ദ വ്യക്തിത്വത്തെയാണ് വെളിവാക്കിയത്.(കൊണ്ഗ്രെസ്സിന്റെ പെറ്റ് ആയ നന്ദന്‍ നിലെക്കനിയായിരുന്നു ഇതിലെ ഒരു ബുദ്ധി എന്നത് ഇന്ന് പരസ്യമാണ്)

ഏറ്റവും വിനാശകരമായ മോഡി പരിഷ്കാരം നടന്നത് വിദേശ നയത്തിന്റെ കാര്യത്തിലായിരുന്നു. യാതൊരു മറയും ഇല്ലാതെ ഇന്ത്യ അമേരിക്കയുടെ ഒരു ഉപഗ്രഹം എന്ന നിലയിലേയ്ക്ക് തരം താഴുന്നതാണ് ഈ മൂന്നു വര്ഷം കൊണ്ട് നമ്മള്‍ കണ്ടത്. ഈയൊരൊറ്റ നിലപാട് വഴി അയല്‍ക്കാരനായ ചൈനയെയും, നിതാന്ത സുഹൃത്തായിരുന്ന റഷ്യയെയും ഒക്കെ പാകിസ്ഥാന്റെ പാളയത്തിലെത്തിച്ച മോഡി ഇന്ത്യയുടെ ദീര്‍ഘ കാല താല്‍പര്യങ്ങളെ പൂര്‍ണമായും ബലി കഴിച്ചിരിക്കയാണ്. (അയലത്തെ ശത്രുവാണ് അകലെക്കിടക്കുന്ന ബന്ധുവിനേക്കാള്‍ സഹായി എന്നത് വിദേശ കാര്യ നയങ്ങളിലും മര്‍മപ്രധാനം ആണ്). അടിയന്തിരാവസ്ഥക്കാലത്തെ പെറ്റി ബൂഷ്വാസിയെക്കുറിച്ചു അദ്വാനി പറഞ്ഞ സുവിദിതമായ വാചകം കടമെടുത്താല്‍ "അമേരിക്ക കുനിയാന്‍ ആജ്ഞാപിച്ചാല്‍ മോഡി തറയിലൂടെ ഇഴയുന്നതാവും ലോകം ദര്‍ശിക്കുക"

ഇതിന്റെ പരിണതഫലം എന്നത് എഴുപതുവര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യ പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പടെയുള്ള പടക്കോപ്പുകള്‍ വില്‍ക്കാന്‍ ആരംഭിക്കുകയും ഇന്ത്യയുടെ പ്രതിഷേധങ്ങളെ പാടെ അവഗണിച്ചു കൊണ്ട് പാക് അധിനിവേശ കാശ്മീരില്‍ സംയുക്ത സൈനിക അഭ്യാസം നടത്തി എന്നതും ആണ്. മോഡിയുടെ നിലപാടുകള്‍ മൂലം കാശ്മീര്‍ ഇന്ന് കൈവിട്ടുപോകാവുന്ന നിലയിലെയ്ക്കാന് പോകുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനഗള്‍ പ്രത്യേകിച്ച് അരുണാചല്‍ പ്രദേശ ചൈന അവകാശ വാദം ഉന്നയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്തത്തിനെതിരെ മേഘലയില്‍ പാകിസ്ഥാനും ചൈനയും റഷ്യയും ഒക്കെ ചേര്‍ന്ന ശക്തമായ അച്ചുതണ്ട് രൂപപ്പെടുകയാണ്.

ഇനി ചില സുപ്രധാന  രംഗങ്ങളില്‍ ഉള്ള മോഡി മാജിക് നമുക്ക് വിശദമായി പരിശോധിയ്ക്കാം



                 കാര്‍ഷിക മേഖല

നവ ഉദാരവല്കരണം ഏറ്റവും കെടുതികള്‍ വിതച്ച മേഖല കാര്‍ഷികമേഖല തന്നെയാണ്. വളങ്ങളുടെയും മറ്റു അസംസ്കൃത വസ്തുക്കളുടെയും സബ്സിഡികള്‍  ഇല്ലാതാക്കപ്പെട്ടതിലൂടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ സാങ്കേതിക പിന്നോക്കാവസ്ഥ മൂലം അത് കൂടുതല്‍ മനുഷ്യാധ്വാന കേന്ദ്രീകൃതവും കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ വളരെ ബാധിക്കുന്ന നിലയുമാണുള്ളത്.ഇടനിലക്കാരുടെ ചൂഷണവും, ഭക്ഷ്യ ധാന്യങ്ങള്‍ ഊഹാക്കച്ച്ചവടക്കാര്‍ക്ക് മേയാന്‍ തുറന്നിട്ട ഉദാരവല്‍ക്കരണവും ചെറുകിട കര്‍ഷകരെ ദയനീയ സ്ഥിതിയില്‍എത്തിച്ചു. ഗവണ്മെന്റിന്റെ സഹായങ്ങളുടെ അഭാവത്തില്‍ കൊള്ളപ്പലിശക്കാരുടെ കൈകളില്‍ നിന്നും കൊള്ളപ്പലിശയ്ക്ക് പണം വാങ്ങാന്‍ നിര്‍ബന്ധിതരാകുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ ഊരാക്കുടുക്കില്‍ ചെന്ന് പെടുകയും നിവൃത്തികേട് കൊണ്ട് ജീവനോടുക്കയും ചെയ്യുന്നതൊന്നും മോഡിയെ ബാധിച്ച്ചിട്ടെ ഇല്ല.

ഇന്ത്യയില്‍ ഓരോ 37 മിനുട്ടിലും ഓരോ കര്‍ഷകന്‍ ജീവനൊടുക്കുന്നു എന്നാണ് കണക്കു. ഇന്ത്യയിലെ വിദര്‍ഭ ഉള്‍പ്പെടുന്ന പരുത്തി കൃഷി നടക്കുന്ന പ്രദേശങ്ങള്‍ ഇന്ന് "SUICIDE BELT” എന്നാണറിയപ്പെടുന്നത്. ഉദാരവല്‍കരനത്ത്തിനു ശേഷം ഇന്ത്യയില്‍ ഏതാണ്ട് 6 മുതല്‍ 7 ലക്ഷം വരെ കര്‍ഷകര്‍ ജീവനോടുക്കിയിട്ടുണ്ട് എന്നാണു കണക്കു. UPA കാലത്ത് ഇതിന്റെ വലിയ വിമര്‍ശന്‍ ആയിരുന്ന മോഡി ഭരണത്തിലെത്തിയത്തിനു ശേഷം ഇങ്ങനെ ഒരു പ്രശ്നമേ  ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല എന്ന  മട്ടിലാണു മോഡിയുടെ പെരുമാറ്റം.

            വിദ്യാഭ്യാസ മേഖല


2009 ല്‍ വിദ്യാഭ്യാസ അവകാശ ബില്‍ പാസ്സായി എങ്കിലും ഇന്ത്യയിലെ 9.5 ശതമാനം സ്കൂളുകളില്‍ മാത്രമാണ് ഇത് നടപ്പിലാക്കിയത്. 2011 സെന്‍സസ് പ്രകാരം 345 ദശലക്ഷം കുട്ടികള്‍ സ്കൂളുകള്‍ക്ക് പുറത്താണ്. മോഡി സര്‍ക്കാര്‍ നയം അനുസരിച്ച് രാജ്യം ആകമാനം രണ്ടു ലക്ഷം സ്കൂളുകള്‍ കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട്  പൂട്ടപ്പെട്ടു എന്നാണു കണക്കു. മോഡി വിദ്യാഭ്യാസ രംഗം സ്വകാര്യ മേഖലയ്ക്കു തീറെഴുതാന്‍ തുനിഞ്ഞു തന്നെയാണ് പുറപ്പാട്.

പല ബി ജെപി സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനായി സ്വകാര്യ കമ്പനികളും, ട്രസ്റ്റുകളും ഒക്കെ ആയി കരാറുകള്‍ ഒപ്പിടുന്ന തിരക്കില്‍ ആണ്

പ്രൈമറി സ്കൂള്‍ അധ്യാപകരുടെ അഞ്ചു ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

14 ശതമാനം സെക്കണ്ടറി സ്കൂളുകളില്‍ ചട്ടപ്രകാരം ആവശ്യമുള്ള മിനിമം അധ്യാപകരുടെ എണ്ണമായ 6 അധ്യാപകര്‍ പോലും ഇല്ല. 10 ശതമാനം സ്കൂളുകള്‍ ഏകാധ്യാപക സ്കൂളുകള്‍ ആണ്.

സര്‍ക്കാര്‍ സ്കൂള്‍ സമ്പ്രദായം നയപരമായി തന്നെ ഘട്ടം ഘട്ടമായി അടച്ച്ച്ചുപൂട്ടലിലെയ്ക്ക് നയിക്കപ്പെടുകയാണ്.

കോത്താരി കമ്മിഷന്‍ നിര്‍ദ്ദേശപ്രകാരം GDP യുടെ 6 ശതമാനം എങ്കിലും വിദ്യാഭ്യാസ മേഘലയില്‍ ചെലവഴിക്കേണ്ട സ്ഥാനത്ത് 2.44 ശതമാനം മാത്രമാണ് കഴിഞ്ഞ ബജറ്റില്‍ വകയിരിത്തിയത്. 2016-17 ബജറ്റില്‍ ആകട്ടെ വെറും 2.19 ശതമാനവും

UGC രാജ്യത്താകമാനം ഉള്ള യൂണിവേഴ്സിറ്റികള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറക്കുകയാണ് . പ്രത്യേകിച്ചും മാനവിക വിഷയത്തിലുള്ള "SOCIAL DISCRIMINATION” കുറിച്ചുള്ളതും ജാതിപീഢനങ്ങളെ കുറിച്ചും നടക്കുന്ന ഗവേഷണങ്ങളുടെ ഫണ്ടിംഗ് മോഡി നിര്ത്തലാകിയിരിക്കയാണ്. രാജ്യത്താകമാനമുള്ള 32 സെന്ററുകളില്‍ നടത്തിയിരുന്ന ഇത്തരം റിസര്‍ച് പ്രോജക്ട്ടുകള്‍ക്ക് ഇനി മേല്‍ ഫണ്ടില്ല എന്ന് UGC പ്രഘ്യാപിച്ചു കഴിഞ്ഞു.

JNU എന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാപനത്തെ നിസാര കാരണങ്ങളുടെ പേരില്‍ നൂറു കണക്കിന് PhD/Mphil വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞ മോഡിയുടെ ഉദ്ദേശം വ്യക്തമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത നിയന്ത്രണങ്ങളുടെ കീഴിലാണ്. ടെക്സ്റ്റ് ബുക്കുകള്‍ സംഘപരിവാര്‍ ആശയങ്ങള്‍ക്ക് അനുസരിച്ച് തിരുത്തി എഴുതപ്പെടുകയാണ്. ഈ വിധ തന്ത്രങ്ങളെ വിമര്‍ശിക്കുന്ന അക്കാദമിക പണ്ഡിതന്മാര്‍ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നു എന്നത് സംഘപരിവാര്‍ പൊതുവേ കാട്ടുന്ന അസഹിഷ്ണുതയുടെ അക്കാദമിക പ്രതിഫലനം ആണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍കരണം യൂണിവേഴ്സിറ്റികളെ കടുത്ത സാമ്പത്തിക പരാധീനതകളിലെയ്ക്ക് നയിക്കുകയും ,അവ പുതിയ കോഴ്സുകള്‍ സ്വാശ്രയാടിസ്ഥാനത്തില്‍ തുടങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. 
ഇത്തരം പ്രവണത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും, ദളിത്‌ പിന്നോക്ക വിദ്യാര്‍ത്ഥികളെയും ഫലപ്രദമായി ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നുണ്ട്.




          വിവരാവകാശനിയമം

വിസില്‍ ബ്ലോവര്‍മാരെ അപകടത്തില്‍ പെടുത്തുന്ന തരത്തില്‍ RTI ആക്റ്റ് ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ് "അഴിമതിവിരുദ്ധന്‍".വിവരാവകാശം തേടിയ ആളിന്റെ മരണശേഷം അപേക്ഷ പൂട്ടിക്കെട്ടാന്‍ ഉള്ള നിര്‍ദ്ദേശം ആണ് പരിഗണനയില്‍ ഉള്ളത്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ കണക്കു പ്രകാരം തന്നെ 57 വിവരാവകാശ പ്രവര്‍ത്തകര്‍ ആണ് ഇന്ത്യയില്‍ കൊലചെയ്യപ്പെട്ടത്.
മോഡി, മൂന്നു കൊല്ലം മുന്‍പ് പാര്ലമെന്റ്റ് പാസ്സാക്കിയ
"WHISTLE BLOWER PROTECTION ACT” നടപ്പിലാക്കുന്നതില്‍  നിന്നും പുറംതിരിഞ്ഞു നില്‍ക്കുകയാണ്.ഉദ്ദേശം വ്യക്തമാണ്.

ബി ജെ പി പ്രതിപക്ഷത്തായിരുന്നപ്പോള്‍ വലിയ വായില്‍ അനുകൂലിച്ചിരുന്ന ലോക്പാല്‍ നിയമം, അംഗീകരിക്കപ്പെട്ട ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍, നടപ്പിലാക്കപ്പെടാതെ കിടക്കുന്നു. സുപ്രീം കോടതി പ്രത്പക്ഷ നേതാവിന്റെ സാന്നിധ്യം നിര്‍ബന്ധം ഇല്ല എന്ന് റൂളിംഗ് നല്‍കിയതിനു ശേഷവും ഉള്ള സ്ഥിതി ആണ് ഇത് എന്നോര്‍ക്കണം. 

അതാണ്‌ മോഡി ബ്രാന്റ് അഴിമതി വിരുദ്ധത.

      ആദിവാസി-ദളിത്‌ മേഖല

ദളിത്‌ വിദ്യാര്‍ദ്ധികളുടെ സ്കോളര്‍ഷിപ്പ്‌ മനപ്പൂര്‍വം വൈകിക്കപ്പെടുകയോ മുടക്കുകയോ ആണ് മോഡി ചെയ്യുന്നത്. ബി ജെ പി അധികാരത്തില്‍ വന്ന ശേഷം ഇന്ത്യന്‍ യൂണിവേര്‍‌സിറ്റികളില്‍ ദളിതുകള്‍ക്കും ഓ ബി സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ദ്ധികള്‍ക്കും നേരെ ഉള്ള വിവേചനങ്ങളും അതിക്രമങ്ങളും വല്ലാതെ വര്‍ദ്ധിച്ചു വരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം പ്രവണതകളുടെ ഇരയാണ് രോഹിത് വെമുലയെപ്പോലെ ഉള്ള നിരവധി വിദ്യാര്‍ത്ഥികള്‍.

ദളിത്‌ പീഡന കേസുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നാമമാത്ര കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ ശതമാനം 22.3 ശതമാനമായി കുറഞ്ഞു.

ബി ജെ പി യുടെ നയത്തിനനുസരണമായി പുതിയ ബജറ്റില്‍ ദളിതുകള്‍ക്കുള്ള പദ്ധതികളില്‍ രണ്ടു സുപ്രധാന മാറ്റങ്ങള്‍ മോഡി നടപ്പിലാക്കി.

(1) SCSP യും TSP യും WELFARE മോഡല്‍ എന്നാ നിലയിലേയ്ക്ക് മാറി
(2) പ്ലാന്‍ വിഹിതവും നോണ്‍ പ്ലാന്‍ വിഹിതവും ലയിപ്പിക്കപ്പെട്ടു.

ഇതിന്റെ അനന്തര ഫലം ഭരണഘടനാനുസൃതമായി ലഭ്യമാക്കപ്പെടെണ്ട ബാധ്യത എന്നാ നിലയില്‍ നിന്നും മോഡിയുടെ ഔദാര്യം എന്ന നിലയിലേയ്ക്ക് ആദിവാസി-ദളിത്‌ ക്ഷേമത്തെ മാറ്റി എന്നതാണ്.
ജാദവ് കമ്മിറ്റി നിശ്ചയിച്ച SC കളുടെ മിനിമം പദ്ധതി വിഹിതമായ 16.6 ശതമാനവും ST വിഭാഗത്തിനു 8.6 ശതമാനവും(ജനസംഖ്യാനുപാതികമായി) വിഹിതത്തിന്റെ സ്ഥാനത്ത് വെറും 4.63 % SC ഫണ്ടും 2.39 % ST ഫണ്ടും ആണ് "അംബേദ്‌കര്‍ അനുയായി" വകയിരുത്തിയത്.

 ഭരണ കര്‍ത്താക്കള്‍ തന്നെ സംവരണത്തിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുകയാണ്.

ഇന്ത്യയിലെ ദളിതുകളില്‍ 57.3 ശതമാനം ഭൂരഹിതരാണ്. ഭൂമി ഉള്ളവരില്‍ തന്നെ 2.08 ശതമാനത്തിനു മാത്രമേ 2 ഹെക്ടര്‍ ഭൂമിയ്ക്ക് മുകളില്‍ കൈവശം ഉള്ളൂ. ദളിതുകളുടെ ഉടമസ്ഥതയില്‍ ഉള്ള 58 ശതമാനം ഭൂമിയ്ക്കും ജലസേചന സൗകര്യം ഇല്ല.

ആദിവാസികളെ പ്രത്യക്ഷത്തില്‍ ബാധിയ്ക്കുന്ന തരത്തില്‍ കോര്പരെറ്റ് താല്പര്യങ്ങള്‍ക്ക് വഴിപ്പെട്ടും കൊണ്ട് വനാവകാശ നിയമം ധാതുപുഷ്ട വനമെഖലകളില്‍ റദ്ദു ചെയ്തിരിക്കയാണ് "അംബേദ്‌കര്‍ ഭക്തന്‍" പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളെ പാടെ അവഗണിച്ചു എല്ലാ ചട്ടങ്ങളും ലംഘിച്ചു അനുമതി നല്‍കുകയാണ് മോഡി ചെയ്യുന്നത്. ഈയൊരു ദിശയില്‍ വേദാന്ത കമ്പനിയ്ക്ക് വേണ്ടി ചത്തിസ്ഗാദ് വനമെഘലയില്‍ ആദിവാസികല്‍ക്കെതിരെ യുദ്ധം നടത്തുകയാണ്
സ്വന്തം ജനതയ്ക്ക് നേരെ LOW INTENSITY CONFLICT നടത്തുന്ന ഫാസിസ്റ്റ് ഭരണകൂട്മായി മോഡി സര്‍ക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.


പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പുത്തന്‍ ഗൈഡ് ലൈന്‍ പ്രകാരം ഇന്ത്യയിലെ  40 ശതമാനം വനം സ്വകാര്യവല്‍കരിക്കാന്‍ ഉള്ള ശ്രമം ആണ് മോഡി നടത്തുന്നത്. ഇന്ത്യയിലെ വന്‍കിട പ്രോജക്ടുകള്‍ പരിസ്ഥിതി ആഘാത പഠനം പോലും ഇല്ലാതെ അനുമതി നല്‍കാന്‍ മോഡി തയ്യാറായിട്ടുണ്ട്. ഇന്ത്യ ഇന്ന് ലോകത്തിലെ തന്നെ പ്രധാന ലോകതാപന വാതകങ്ങളുടെ ഉറവിടമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ലോകത്തിനു തന്നെ അപകടകരംമായ നയമാണ് മോഡി സ്വീകരിക്കുന്നത് എന്ന് കാണാന്‍ കഴിയും.

THE PANCHAYATS- EXTENSION TO SCHEDULED AREAS ആക്ട്‌ (PESA) എന്നാ 1996 ല്‍ പാസ്സാക്കപ്പെട്ട നിയമം അട്ടിമറിക്കാന്‍ ആണ് ബി ജെ പി  
ശ്രമം

                 ആരോഗ്യം

 ആരോഗ്യ രംഗത്ത് മോഡിയുടെ ബജറ്റ് വകയിരുത്തുന്നത് വെറും 1.15 ശതമാനം മാത്രം ആണ്. ആളോഹരി വെറും 1042 രൂപ .ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വകയിരുത്തല്‍ ആണിത്. NATIONAL HEALTH ACCOUNTS പ്രകാരം വ്യക്തികളുടെ പോക്കറ്റില്‍ നിന്നും ചികിത്സാ ചിലവിന്ടെ  72.9% പണം ചിലവിടേണ്ട സാഹചര്യം ഉള്ളപ്പോള്‍ ആണിത് എന്നത് കാണണം.

ഗവന്മേന്റ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് നല്‍കുന്ന അമിത പ്രാധാന്യം ഗവണ്മെന്റിന്റെ ഫണ്ടും രോഗികളുടെ കീശയിലെ പണവും സ്വകാര്യ ഹോസ്പിറ്റല്‍ മുതലാളിമാര്‍ക്ക് തട്ടിയെടുക്കാനുള്ള സാഹചര്യം ഒരുക്കാന്‍ വേണ്ടി മാത്രം ആണ്.
ഇന്ത്യയുടെ ശിശുമരണ നിരക്ക് 42/1000 എന്നത് ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ലോകത്തില്‍ നടക്കുന്ന ശിശു മരണങ്ങളില്‍ 20 ശതമാനം ഇന്ത്യയുടെ സംഭാവന ആണ്. ലോകത്തിലെ പോഷകാഹാരക്കുറവു മൂലം വളര്‍ച്ച മുരടിക്കുന്ന അഞ്ചു കുട്ടികളില്‍ രണ്ടു പേര്‍ ഇന്ത്യക്കാര്‍ ആണ്. മോഡിയുടെ ആരോഗ്യമന്ത്രിയുടെ ഭാഷ്യ പ്രകാരം ഇവരുടെ വളര്ചാമുരടിപ്പ് ജനിതക കാരണങ്ങളാല്‍ ആണ്, അല്ലാതെ ഭക്ഷണത്തിന്റെ കുറവ് മൂലം അല്ല.
ബാല വേലാ നിരോധന നിയമം കുട്ടികളുടെ താല്പര്യത്തിനു വിരുദ്ധമായി ഭേദഗതി ചെയ്യുകയാണ് മോഡി ചെയ്തത്.

ICDS; Mid Day Meal മുതലായ പദ്ധതികള്‍ തുരങ്കം വയ്ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.ഉച്ചഭക്ഷണ പരിപാടി ആധാറുമായി ബന്ധിപ്പിച്ചതിലൂടെ വലിയ വിഭാഗം കുട്ടികളെ പരിപാടിയില്‍ നിന്നും പുറത്താക്കിയിരിക്കയാണ് മോഡി.






             തൊഴില്‍ മേഖല

മോഡിയുടെ ഏറ്റവും വിനാശകരമായ നയങ്ങള്‍ നടപ്പിലാക്കപ്പെടുന്ന മറ്റൊരു രംഗമാണ് തൊഴില്‍ മേഖല. തൊഴിലാളികളെയും അവരുടെ സംഘടിത പ്രസ്ഥാനങ്ങളെയും തകര്‍ക്കുവാന്‍ ആണ് മോഡി ശ്രമിക്കുന്നത്. തൊഴില്‍ നിയമങ്ങളില്‍ വളരെ ദ്രോഹകരമായ മാറ്റങ്ങള്‍ മോഡി സര്‍ക്കാര്‍ നിലവില്‍ വരുത്തിയിരിക്കയാണ്.
  1. നിലവിലുള്ള നിയമപ്രകാരം  100 ല്‍ താഴെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഗവന്മേന്റ്റ് അനുമതി ഇല്ലാതെ തൊഴിലാളികളെ പിരിച്ചുവിടാന്‍ അധികാരം ഉണ്ട്. മോഡി അത് 300 ല്‍ താഴെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് വരെ അധികാരം നല്‍കി ഭേദഗതി ചെയ്തു.
  2. നിലവില്‍ പത്തില്‍ താഴെ തൊഴിലാളികള്‍ ഉള്ള ഫാക്ടറികള്‍ INFORMAL SECTOR ല്‍ ഉള്‍പ്പെടുന്നു.എന്ന് വച്ചാല്‍ അവയ്ക്ക് പല തൊഴില്‍ നിയമങ്ങളും ബാധകം അല്ല. മോഡി അത് ഇരുപതില്‍ താഴെ തൊഴിലാളികള്‍ ഉള്ള ഫാക്ടറികള്‍ എന്നാക്കി. ഇതിന്റെ ഏറ്റവു ദ്രോഹകരമായ വശം എന്തെന്നാല്‍ ഒഴിവാക്കപ്പെടുന്ന നിയമങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും WELFARE നും ഉള്ള നിയമങ്ങളും പെടുന്നു എന്നുള്ളതാണ്.

  1. തൊഴിലാളി യൂണിയനുകളുടെ അംഗീകാരത്തിനുള്ള മാനദണ്ഡം 15 ശതമാനം തൊഴിലാളി പങ്കാളിത്തം എന്നത് 30 ശതമാനമാക്കി ഉയര്‍ത്തി.


ഇന്ത്യയിലെ തൊഴില്‍ രംഗം പരിശോധിച്ചാല്‍ 72 % തൊഴിലാളികളും അസംഘടിത മേഖലയില്‍ ഒരു തൊഴില്‍ സുരക്ഷകളും ഇല്ലാതെ പണിയെടുക്കുന്നു എന്ന് കാണാന്‍ കഴിയും (കാര്‍ഷിക മേഖല കൂടി കണക്കിലെടുത്താല്‍ ഇത് 92 % ആകും)

ഇതിനു പുറമേ സംഘടിത മേഖലയിലെ തൊഴിലുകള്‍ വന്‍തോതില്‍ പുറംകരാര്‍ വഴി അസംഘടിത മേഖലയിലേയ്ക്ക് തള്ളി നീക്കപ്പെടുന്നുണ്ട് എന്നതും ഉത്ഘണ്ട ഉണ്ടാക്കുന്ന വസ്തുതയാണ്.
ഇത്തരത്തില്‍ സംഘടിത മേഖലയിലെ 58 % തൊഴിലുകളും അസംഘടിത തൊഴിലാളികളാണ് ഇന്ന് നിര്‍വഹിക്കുന്നത്..

 

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ മുരടിപ്പ് വലിയ വിഭാഗം ആളുകളെ തൊഴില്‍ തേടി പട്ടണങ്ങളിലേയ്ക്കും മറ്റു സംസ്ഥാനങ്ങളിലേക്കും തള്ളി വിടുകയാണ് (CIRCULAR DISTRESS MIGRANTS). അതിജീവനത്തിനു വേണ്ടി ഈ മനുഷ്യാത്മാക്കള്‍ എവിടെയും പോകുകയും ഏതു തൊഴില്‍ സാഹചര്യങ്ങളിലും ഏതു കൂലിയിലും പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. JAN BREMAN അവരെ വിശേഷ്പ്പിക്കുന്നത് "HUNTERS AND GATHERERS OF WORK” എന്നാണു. ഏതാണ്ട് 40 ദശ ലക്ഷം പേര്‍ ഇങ്ങനെ 2 മുതല്‍ 6 മാസം വരെ മാത്രം തൊഴില്‍ ലഭ്യമാകുന്ന "SEASONAL MIGRANTS” ആയി നില നില്‍ക്കുന്നു എന്നാണു കണക്കു.
ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ 93 ശതമാനം അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. ഇവര്‍ നിലവില്‍ യാതൊരു പെന്‍ഷന്‍ സ്കീമുകളിലും ഉള്പ്പെടുന്നത്തെ ഇല്ല

മോഡി ഇന്ത്യയില്‍ നില നില്‍ക്കുന്ന എല്ലാ തൊഴില്‍ നിയമങ്ങളും കോര്പരെറ്റ് താല്‍പര്യങ്ങള്‍ക്കനുസൃതമായി പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കയാണ്. ഇത്തരം നയങ്ങള്‍ക്കെതിരെ ആര്‍ എസ് എസ്സിന്റെ തൊഴിലാളി വിഭാഗമായ ബി എം എസ ഉള്‍പ്പടെ വന്പിച്ച സമര മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് കാണാന്‍ കഴിയും.

                                   യുവജനങ്ങള്‍

ഇന്ത്യയിലെ 55 ശതമാനം 35 വയസ്സില്‍ താഴെ ഉള്ള യുവജനങ്ങള്‍ ആണ്. CENTRE FOR EQUITY STUDIES നടത്തിയ പഠന പ്രകാരം ഇന്ത്യയില്‍ ഏതാണ്ട് തൊഴില്‍ രഹിത വളര്‍ച്ചയാണ് നടക്കുന്നത്. അതിനാല്‍ തന്നെ മോഡി തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ള ഗവേന്മേന്റ്റ് കണക്കുകള്‍ മൂടി വച്ചിരിക്കയാണ്.ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഓരോ മാസവും പുതിയ പത്ത് ലക്ഷം പേര്‍ തൊഴില്‍രഹിത സേനയില്‍ ചേരുമ്പോള്‍ വെറും 1,35,000 തൊഴിലവസരങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത് (0.01 ശതമാനം) ടൈംസ് ഓഫ് ഇന്ത്യ ഒക്ടോബര്‍ 16, 2016 ല്‍ പ്രസിദ്ധീകരിച്ച വിവര പ്രകാരം ഓരോ ദിവസവും ഇന്ത്യയില്‍ ശരാശരി 550 തൊഴിലുകള്‍ നഷ്ടപ്പെടുന്നുണ്ട്. 1997 കള്‍ക്ക് ശേഷം ഇന്ത്യയിലെ സംഘടിത മേഘലയിലെ തൊഴിലുകള്‍ കുറഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.


PRADHAN MANTHRI AWAS YOJANA പ്രകാരം 3,888 നഗരങ്ങള്‍ തിരഞ്ഞെടുത്തു 2022 ആകുമ്പോഴേയ്ക്കും 250 ലക്ഷം ഭവനങ്ങള്‍ ഉണ്ടാക്കുമെന്നാണ് മോഡിയുടെ പ്രഘ്യാപനം. അതിന്റെ അപ്രായോഗികത നിലനിര്‍ത്തിക്കൊണ്ട് തന്നെ നോക്കിയാല്‍ ഇത് വരെ വെറും 1,02,676 ഭവനങ്ങള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ഈ കണക്കില്‍ ഏതാണ്ട് 35,211 വര്ഷം കൊണ്ട് മാത്രമേ മോഡിയുടെ ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയുകയുള്ളൂ എന്ന് കാണാന്‍ കഴിയും. അതാണ്‌ "മോഡി മാജിക്"

നഗരങ്ങളിലെ പാര്‍പ്പിട രഹിതര്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മിക്കുക എന്ന ലക്‌ഷ്യം ഡല്‍ഹി മാത്രമേ അല്പമെങ്കിലും നടപ്പില്‍ വരുത്തിയിട്ടുള്ളൂ. ബോംബെ നഗരത്തില്‍ ഒറ്റ എണ്ണം പോലും ഇല്ല എന്നതോര്‍ക്കുക.

DEENDAYAL UPADHYAAY YOJANA -NATIONAL URBAL LIVELIHOOD MISSION എന്ന മോഡിപ്പരിപാടിയുടെയും കഥ വ്യത്യസ്തമല്ല. പാവപ്പെട്ട യുവാക്കള്‍ക്ക് SKILL TRAINING നടത്താനുള്ള ഈ പരിപാടി സംഘപരിവാര്‍ സഹയാത്രികര്‍ക്ക് സര്‍ക്കാര്‍ പണം തട്ടാനുള്ള കറവപ്പശു എന്നാ നിലയിലാണിപ്പോള്‍ ഉള്ളത്.

ഇന്ത്യയിലെ 19.32 ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള വിഹിതം 0.21 ശതമാനം മാത്രമാണ്.

ഇന്ത്യയില്‍ 1990 കളില്‍ തുടക്കമിട്ട നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ വളരെ വലിയ തോതിലുള്ള സാമ്പത്തിക അസമത്വം ആണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് കാണാന്‍ കഴിയും. ഇന്ത്യയിലെ ധനികരായ 57 പേരുടെ കയ്യില്‍ താഴെ തട്ടിലുള്ള 87.5 കോടി ആള്‍ക്കാരുടെ കയ്യിലുള്ള മൊത്തം ആസ്തി ആണുള്ളത്. കഴിഞ്ഞ പതിനഞ്ചു കൊല്ലം കൊണ്ട് മുകള്‍ത്തട്ടിലുള്ള 1 ശതമാനം ധനികരുടെ സമ്പത്ത് 36.8 ശതമാനത്തില്‍ നിന്നും  53 ശതമാനമായി വര്‍ധിച്ചു. മുകള്‍ത്തട്ടിലുള്ള 10 ശതമാനം പേരുടെ  മൊത്തം ആസ്തി രാജ്യത്തെ മൊത്തം സമ്പത്തിന്റെ 76.3 ശതമാനം എത്തി നില്‍ക്കുന്നു.
ഈ വന്പിച്ച സാമ്പത്തിക അസമത്വം സ്വാഭാവികമായും രാഷ്ട്രീയ അധികാരത്തില്‍ ഉള്ള അസമത്വമായി മാറുന്നുണ്ട് എന്നത് വ്യക്തമാണ്. ഈ വന്‍ അസമത്വം സ്റ്റേറ്റിന്റെ അമിതാധികാര പ്രവണതകളിലെയ്ക്ക് നയിക്കുന്നു. ഇങ്ങനെ സ്റ്റേറ്റ് കരുത്താര്‍ജിക്കയും ജനവിരുദ്ധമാകുകയും ചെയ്യുന്നതാണ്  ഫാസിസത്തിന്റെ അടിത്തറ. 

ഇത്തരം അമിതാധികാര പ്രവണതയുള്ള സ്റ്റേറ്റ് കയ്യടക്കുന്ന പരാദ ജീവികളാണ് പുത്തന്‍ നവലിബറല്‍ ഭരണവര്‍ഗം. അവര്‍ സ്റ്റെറ്റിനെ കയ്യേറുകയും, ചൂഷണം ചെയ്യുകയും ചെയ്യുമ്പോള്‍ തന്നെ മതം, ജാതി മുതലായ ഉപായങ്ങള്‍ പ്രയോഗിച്ചു ജനതയെ ഭിന്നിപ്പിച്ചു അടിമകളാക്കി നിര്‍ത്തുകയും, യഥാര്‍ത്ഥ അടിസ്ഥാന ജീവല്‍ പ്രശ്നങ്ങളില്‍ നിന്നും ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനായി ജാതി മത രാഷ്ട്രീയ മേലാളന്മാരെ ഉപയോഗിക്കയും ചെയ്യും എന്നതാണ് ലോകമെമ്പാടും നിന്നും ഉള്ള അനുഭവം നമ്മോടു പറയുന്നത്. ഇത്തരം വലതുപക്ഷ കൂട്ടാളികളുടെ സഹായം ഇല്ലാതെ നവലിബറലുകള്‍ക്ക് ജനാധിപത്യത്തെ കീഴ്പ്പെടുത്താന്‍ സാധിക്കില്ല.

ഇന്ത്യയിലെ സമൂഹം ചരിത്രപരമായിത്തന്നെ പ്രമാണി വര്‍ഗത്താല്‍ നിയന്ത്രിതമായിരുന്നു. അതിന്റെ വര്‍ഗ/വര്‍ണ്ണ സ്വഭാവം മൂലം അത് ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വികലമായ ജനാധിപത്യ ബോധത്തിന് കീഴില്‍ ദളിതുകള്‍,ന്യൂനപക്ഷങ്ങള്‍,ആദിവാസികള്‍, സ്ത്രീകള്‍, കര്‍ഷകര്‍ ഒക്കെ സമന്മാരാകുന്നത് അവരുടെ "ദയാദാക്ഷിണ്യത്തില്‍" മാത്രമാണ്.( ഇതാണ് കൊണ്ഗ്രെസ്സ് എന്നാ ഫ്യൂഡല്‍/ദല്ലാള്‍ കക്ഷിയുടെ അടിസ്ഥാന “ജനാധിപത്യ” സംകല്പം)

അങ്ങേ അറ്റം അസന്തുലിതമായ (സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും ഒക്കെ) ഒരു സമൂഹത്തില്‍ അധികാരം കയ്യാളുക, അതില്‍ മേധാവിത്തത്തിലുള്ള ക്രീമിന് വേണ്ടി നിലകൊള്ളുക എന്നാല്‍ താഴെക്കിടയിലുള്ള ജനതയ്ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന മിഥ്യാബോധം ഉണ്ടാക്കുക, ജനത്തിനെ ശ്രദ്ധ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ വേണ്ടി അവരെ ഭിന്നിപ്പിക്കുക എന്നീ സുകുമാര കലകളുടെ ആശാന്‍ ആയിരുന്നു കൊണ്ഗ്രെസ്സ് എന്ന ഫ്യൂഡല്‍ പ്രസ്ഥാനം. അവരുടെ കയ്യില്‍ നിന്നും അധികാരത്തിന്റെ അംശദണ്ഡ് അവരെക്കാള്‍ ഒക്കെ പ്രാഗത്ഭ്യം ഉള്ള മോഡി തട്ടിയെടുത്തിരിക്കുന്നു. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെയും ക്രോണി കാപ്പിറ്റല്‍ മേധാവികളുടെയും മിശിഹാ ആയി സ്വയം അവതാരമെടുത്ത ദൈവപുത്രന്‍ ആകുന്നു മോഡി.ഇനിയുള്ള അവശേഷിക്കുന്ന നാളുകളില്‍ എന്തൊക്കെ മാജിക്കുകള്‍ മോഡി കാണിക്കുന്നത് നമ്മള്‍ കാണേണ്ടി വരും എന്നത് കാത്തിരിക്കുകയെ നിവൃത്തിയുള്ളൂ. 
എന്നാല്‍ നമ്മള്‍ നിസ്സഹായര്‍ ആകുന്നു എന്നത് അര്‍ത്ഥമാക്കേണ്ടതില്ല. രാജ്യത്താകമാനം വളര്‍ന്നുവരുന്ന ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളില്‍ ഉജ്ജ്വല നേതൃത്വം നല്‍കുന്ന ദളിത്‌,കര്‍ഷക, പിന്നോക്ക, ന്യൂനപക്ഷ ,തൊഴിലാളി പ്രസ്ഥാനങ്ങളുടെ കൂടെ നമ്മളും ഉണ്ടാകും എന്ന ദൃഢനിശ്ചയം നമ്മള്‍ ഓരോത്തരും സ്വയമേവ എടുക്കേണ്ടതായ സന്ദര്‍ഭമാണ് രാജ്യത്ത് വളര്‍ന്നു വരുന്നത്. 
എല്ലാ ഇരുട്ടിന്റെയും അവസാനം ഒരു വെളിച്ചത്തിന്റെ തിരിനാളം ഉയിര്‍ത്തു വരും എന്ന് ചരിത്രം നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിക്കുന്നുണ്ട്.