Tuesday, October 15, 2013

തെലുങ്കാനാ: പണ്ടോറയുടെ പെട്ടി തുറക്കുമ്പോള്‍



തെലുങ്കാനാ: പണ്ടോറയുടെ പെട്ടി തുറക്കുമ്പോള്‍




യുഗങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ മഹാനായ പുത്രന്‍ ബുദ്ധന്‍ പ്രവചിച്ചത് യഥാര്‍ത്ഥ വിജയം എന്നത് എല്ലാവരും ജയിക്കുകയും ആരും തോല്‍ക്കാതെ ഇരിക്കുകയും ചെയ്യുന്ന ഒന്ന്‍ എന്നാണു. ഇന്നത്തെ ലോകത്ത് അത് മാത്രം ആണ് യഥാര്‍ത്ഥ വിജയം. മറ്റെല്ലാം ദുരന്തങ്ങള്‍ മാത്രം
                        യു എന്‍ ജനറല്‍ അസംബ്ലിയില്‍ നെഹ്രു

നമ്മള്‍ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണം പക്ഷെ വികാരങ്ങള്‍ നമ്മെ കീഴടക്കാന്‍ അനുവദിക്കരുത്. ജനങ്ങളുടെ വിശാല താല്പര്യങ്ങള്‍ നമ്മള്‍ വിലയിരുത്തേണ്ടതു പരമ പ്രധാനമാണ്.
നമ്മള്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ച നയത്തില്‍ വലിയ യുക്തിയുണ്ട് .ഈ യുക്തി, നൈമിഷികമായ വികാരങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കാന്‍ ഒരിക്കലും നമ്മള്‍ കൂട്ട് നില്‍ക്കാന്‍ ശ്രമിക്കരുത്
             ഇന്ദിരാ ഗാന്ധി സംസ്ഥാന പുനസംഘടനയെക്കുറിച്ച്


കോണ്ഗ്രസ്സിന്റെ രാഷ്ട്രീയ വിസര്‍ജ്യമായ തെലുങ്കാന,പങ്കയില്‍ തട്ടിത്തെറിച്ചു ഇന്ത്യന്‍ രാഷ്ട്രീയ രംഗം ആകെ മലീമസമായ സ്ഥിതി ആണ് ഇന്നുള്ളത്. ഈയൊരു തീരുമാനം സീമാന്ധ്രയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഉറങ്ങിക്കിടക്കുകയോ, ഇല്ലാതാക്കപ്പെടുകയോ ചെയ്ത എല്ലാ വിഘടന ഭൂതങ്ങളെയും കുടം തുറന്നു വിടാന്‍ പോകയാണ്.
തിടുക്കപ്പെട്ടു ഈ തീരുമാനം എടുക്കപ്പെടാന്‍ ഉള്ള ഒരേ ഒരു കാരണം രാഷ്ട്രീയം ആണ് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. രാജ്യത്ത് പൊതുവേ കോണ്ഗ്രസ് പരിതാപകരമായ അവസ്ഥയില്‍ ആണ്. അവരുടെ ആഭ്യന്തര വിലയിരുത്തലില്‍ ആന്ധ്രയില്‍ അഞ്ചു സീറ്റില്‍ കൂടുതല്‍ കിട്ടാന്‍ ഒരു സാധ്യതയും ഇല്ല എന്ന കണ്ടെത്തല്‍ ആണ് ഉണ്ടായത്. 2004 ല്‍ 29 ഉം 2009 ല്‍ 32ഉം കിട്ടിയ സ്ഥലത്ത് ആണ് ഇത് എന്നോര്‍ക്കണം.
വരാന്‍പോകുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനെയും നെഹ്രു സാമ്രാജ്യത്തെയും സംബന്ധിച്ച് പ്രധാനമാണ്. കാരണം എതിരാളി മോഡി ആണെന്നത് തന്നെ. മോഡിയെങ്ങാനും പ്രധാനമന്ത്രിയായാല്‍ മന്‍മോഹന്‍സിംഗ്‌ ഉള്‍പ്പടെ പല യു പിഎ.മന്ത്രിമാരും,കുടുംബത്തിലെ മരുമകനും ഉള്‍പ്പടെയുള്ള പല മഹാരഥന്‍മാറും അഴിയെണ്ണുന്ന അവസ്ഥ വരും എന്ന് അവര്‍ക്കറിയാം.
ഈയൊരു തീരുമാനം രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നത് തീര്ച്ച. ചെറു സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി വളരെ ഗുരുതരം തന്നെയാകും.വടക്ക്-കിഴക്കന്‍ മേഖലയില്‍ ഇപ്പോള്‍ത്തന്നെ ഗവെന്മേന്റ്റ് നിയന്ത്രണം നാമമാത്രമാണ്. സ്ഥിതി പിടിവിട്ടു പോയാല്‍ മണ്ണും ചാരി നില്‍ക്കുന്ന ചൈന സപ്തസുന്ദരികളെയും അടിച്ചുകൊണ്ട് പോയാലും അത്ഭുതപ്പെടാന്‍ ഇല്ല.
ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിഭാസം ആണ്. ഇന്ത്യയെപ്പോലെ ഇത്ര ബഹുസ്വരതയുള്ള രാജ്യങ്ങള്‍ ഇല്ലതന്നെ. ബഹുമത,ബഹുഭാഷാ,ബഹുജാതി,ബഹുവംശ, അങ്ങനെ അനേകം “ബഹു” ക്കള്‍ ചേര്‍ന്ന ഒരു ലോക, “രാഷ്ട്രീയ കാഴ്ച ബംഗ്ലാവ്” തന്നെയാണ് ഇന്ത്യ.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര നാളുകളില്‍ തന്നെ കോണ്ഗ്രസ് സ്വാതന്ത്ര്യാനന്തര ഭാഷാ സംസ്ഥാന രൂപീകരണത്തെ നയമായി സ്വീകരിച്ചിരുന്നു. ഗാന്ധിജി 1920 ല്‍ നേതൃത്വം ഏറ്റെടുതപ്പോള്‍ തന്നെ ഭാഷാടിസ്ഥാനത്തില്‍ പ്രദേശ്‌ കോണ്ഗ്രസ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കപ്പെട്ടു. 1928 ലെ മോട്ടിലാല്‍ കമ്മിറ്റി ഇങ്ങനെ പ്രഖ്യാപിച്ചു ”ഒരു പ്രോവിന്സിനു സ്വയം സംഘടിക്കുവാനും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാനും കഴിയണമെങ്കില്‍ അത് തീര്‍ച്ചയും ഭാഷാടിസ്ഥാനത്തിലുള്ള ഒന്നായിരിക്കണം. അത് ബഹുഭാഷാടിസ്ഥാനത്തിലുള്ള ഒന്നാണെങ്കില്‍ തീര്‍ച്ചയായും ആശയവിനിമയത്തിലും, സംഘാടനത്തിലും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അതിനാല്‍ തന്നെ ഭാഷാടിസ്ഥാനത്തില്‍ പ്രോവിന്സുകള്‍ പുനസംഘടിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും യുക്തിസഹം”
എന്നാല്‍ ഭരണം ലഭിച്ചു കഴിഞ്ഞപ്പോള്‍ കൊണ്ഗ്രെസ്സ് മലക്കം മറിഞ്ഞു. കോണ്ഗ്രസ് നിയമിച്ച “ലിംഗ്വിസ്ടിക് പ്രോവിന്സസ് കമ്മിഷന്‍” ഭാഷാ പുനസംഘടനയ്ക്കെതിരായി നിലപാടെടുത്തു. കമ്മിഷന്‍റെ അഭിപ്രായത്തില്‍ ഭാഷാസംസ്ഥാന രൂപീകരണം ഇന്ത്യന്‍ ദേശീയ ബോധത്തെ അട്ടിമറിക്കും എന്നായിരുന്നു.ഇത്തരം ഒരു നിഗമനം നെഹ്രുവിന്ടെയും പട്ടേലിന്ടെയും സ്വാധീനത്താല്‍ ഉണ്ടായ ഒന്നാണ് എന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കോണ്ഗ്രസ് എന്താഗ്രിഹിച്ച്ചാലും ഭാഷാ അവബോധത്തെ അട്ടിമറിക്കാന്‍ സാധ്യമല്ലായിരുന്നു. തെലുങ്ക് ഭാഷാ പ്രേമികള്‍ 1950 കളില്‍ തന്നെ മദ്രാസ് പ്രൊവിന്‍സില്‍ അക്രമാസക്തമായ സമരം ആരംഭിച്ചു, കോണ്ഗ്രസ് എന്നത്തെയും പതിവുപോലെ തെലുങ്ക്‌ സംസ്ഥാന രൂപീകരണം സംബന്ധിച്ചു ഒരുറപ്പു പാസ്സാക്കി. 1952ല്‍ അന്നത്തെ സി പി ഐ നിലപാടിന് അനുസരിച്ചു ആന്ധ്രാ നിയമസഭയിലെ ഒരു കമ്യൂണിസ്റ്റ്പാര്‍ട്ടി അംഗം ആന്ധ്ര സംസ്ഥാനം ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രമേയം അവതരിപ്പിച്ചു. തെലുങ്കരായ കൊണ്ഗ്രസ്സുകാര്‍ തുടക്കത്തില്‍ പ്രമേയത്തെ അനുകൂലിച്ചെങ്കിലും നെഹ്രു നീക്കത്തിനെതിരാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ പാലം വലിച്ചു.
സമരം തീവ്രത ആര്‍ജിക്കയും പോറ്റി ശ്രീരാമുലു നിരാഹാരം ആരംഭിക്കുകയും ചെയ്തു. നെഹ്രു കരുതിയത്‌ കൊണ്ഗ്രസ്സുകാരെപ്പോലെ ശ്രീരാമുലു വയറ്റില്‍ കാറ്റ് കയറുമ്പോള്‍ എഴുന്നേറ്റു പൊയ്ക്കൊള്ളും എന്നായിരുന്നു. എന്തായാലും 56-ാ൦ദിനം ശ്രീരാമുലു മയ്യത്തായി. നെഹ്രുവിനു മുന്നില്‍ എല്ലാ വഴികളും അടഞ്ഞു. അങ്ങനെ ഡിസംബര്‍ 1952 ല്‍ ആന്ധ്ര സംസ്ഥാന തീരുമാനം ഉണ്ടായി. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ ഉണ്ടായ ആദ്യ സംസ്ത്ഥാനം എന്ന ബഹുമതി അങ്ങനെ ആന്ധ്ര നേടി.
ഇതോടെ മറ്റു ഭാഷാ സ്നേഹികളും രംഗത്തെത്തി. നിവൃത്തിയില്ലാതെ നെഹ്രു 1953 ഡിസംബര്‍ 23 ന് “സംസ്ഥാന പുനസംഘടനാ കമ്മിഷന്‍” പ്രഖ്യാപിച്ചു. ജ.ഫസല്‍ അലി ചെയര്‍മാനും എച്.എന്‍.ഖുസ്രു, കെ.എന്‍.പണിക്കര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ അവസരത്തിനൊത്ത് ഉയരുകയും ജനങ്ങള്‍ ഭാഷാ സംസ്ഥാന രൂപീകരണത്തിനോപ്പമാണ് എന്ന റിപ്പോര്‍ട്ട് 1955-ല്‍ ഗവണ്മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു.
1953-55 കാലഘട്ടം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ഹൈദരാബാദില്‍ നിന്നുള്ള ഭൂരിപക്ഷം അംഗങ്ങളും, ഹൈദരാബാദിലെ തെലുങ്ക് ഭൂരിപക്ഷ പ്രദേശങ്ങള്‍ ആന്ധ്രാ സംസ്ഥാനവുമായി ലയിപ്പിക്കുന്നതിന്‌ (വിശാലാന്ധ്ര) അനുകൂല നിലപാടെടുത്തു.
1955 ഒക്ടോബര്‍ 22 ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ ആന്ധ്ര ഹൈദരാബാദ് മുഖ്യമന്ത്രിമാര്‍ ഉടന്‍ സംയോജനം എന്ന ആവശ്യം ഉയര്‍ത്തി (പുനസംഘടനാ കമ്മിഷന്‍ 5 കൊല്ലം കാത്ത്തിരിപ്പിനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്).
തെലങ്കാന പ്രധിനിധികളുടെ ആശങ്കകള്‍ അഭിസംബോധന ചെയ്യുന്നതിലേക്ക് ഒരു കരാര്‍ ഒപ്പ് വയ്ക്കപ്പെട്ടു. “gentlemen’s ഉടമ്പടി” എന്നാണ് ഇതറിയപ്പെട്ടത്.
അങ്ങനെ 1956 നവംബര്‍1 ആന്ധ്രാപ്രദേശ് സംസ്ഥാനം ഔദ്യോഗികമായി നിലവില്‍ വന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് രാഷ്ട്രീയ നേത്രുത്വത്തിന്ടെ വഞ്ചനാപരമായ നിലപാടുകള്‍മൂലം സംസ്ഥാനത്തിന്‍റെ പൂര്‍ണ അര്‍ഥത്തിലുള്ള സംയോജനം അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയമായി ആന്ധ്ര എന്നും തെലന്ഗാന എന്നും വ്യത്യസ്തമായിത്തന്നെ സംസ്ഥാനം നിലനിര്‍ത്താന്‍ സ്ഥാപിത രാഷ്ട്രീയ നേതൃത്വം എന്നും ബോധപൂര്‍വം ശ്രമിച്ചു.അതിന്‍റെ തിക്തഫലം ആണ് ഇന്നുണ്ടായിരിക്കുന്ന വിഭജനവും പ്രശ്നങ്ങളും.
രൂപീകരണത്തിനു ശേഷമുള്ള 20 വര്‍ഷങ്ങളില്‍ രണ്ടു വ്യത്യസ്ത സമരങ്ങള്‍ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പിടിച്ചുലച്ചു. 1969 ല്‍ പൊട്ടിപുറപ്പെട്ടെ “ജയ് തെലങ്കാന” പ്രക്ഷോഭവും 1972-ല്‍ നടന്ന “ജയ് ആന്ധ്ര” പ്രക്ഷോഭവും.
ആന്ധ്രാപ്രദേശ് നിലവില്‍ വന്ന 1956-ല്‍ തന്നെ തെലങ്കാന സംരക്ഷണത്തിനായുണ്ടാക്കിയ “gentleman’s agreement” അട്ടിമറിക്കാനുള്ള ശ്രമം കൊണ്ഗ്രെസ്സ് ആരംഭിച്ചു. ആദ്യമുഖ്യമന്ത്രിയായ നീലം സഞ്ജീവ റെഡ്ഡി,(കരാറിലെ ഒരു കൈയ്യൊപ്പ് അദ്ദേഹത്തിന്‍റെതായിരുന്നു). തെലങ്കാനക്ക് അവകാശപ്പെട്ട ഡെപ്യൂട്ടി മുഖ്യമന്ത്രി എന്ന പദവി, “കയ്യിലെ അനാവശ്യമായ ആറാം വിരല്‍” എന്ന് വിശേഷിപ്പിച്ചു കൊണ്ട് അദ്ദേഹം നിരസിക്കയുണ്ടായി.
ഇത്തരം മലക്കം മറിച്ചിലുകള്‍ എന്നും തെലുങ്കാനയിലെ ജനങ്ങളുടെ മനസ്സിലെ അസംപ്ത്രിപ്തിക്ക് എണ്ണപകരാനേ ഉപകരിച്ചിട്ടുള്ളൂ. പില്‍ക്കാലത്ത് കരാറിലെ ഉറപ്പുകള്‍ ഒന്നൊന്നായി അവഗണിക്കപ്പെട്ടു. നദീജലം പങ്കുവക്കുന്നതിലും കൃഷിയുടെ കാര്യത്തിലായാലും എല്ലാ ഉറപ്പുകളും ലംഘിക്കപ്പെട്ടു.  പ്രധാനമന്ത്രി നെഹ്രു എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കരാര്‍ പ്രകാരം രൂപീകരിക്കപ്പെടെണ്ട സ്ട്യാട്യൂട്ടറി സമിതി ആയ “റീജിയണല്‍ കൌണ്‍സില്‍” എന്ന പരമപ്രധാന ഘടകം(തെലുങ്കാന “പ്രശ്നം” എന്നെന്നേക്കുമായി അവസാനിപ്പിക്കുമായിരുന്ന കരാറിന്റെ ജീവവായു) അദ്ദേഹത്ത്തിണ്ടേ നേതൃത്വം അട്ടിമറിക്കാന്‍ കൂട്ടുനിന്നു. ഇക്കാര്യം ശ്രീകൃഷ്ണ സമിതി പ്രത്യേകം എടുത്ത്തുകാട്ടിയിട്ടുണ്ട്.
ഇത്തരം നിലപാടുകള്‍ 1969-ലെ “ജയ് തെലുങ്കാന” പ്രക്ഷോഭത്തിനു വഴിമരുന്നിട്ടു. സ്ടാട്യൂട്ടറിയായി വിഭാവനം ചെയ്യപ്പെട്ട റീജിയണല്‍ കൌന്സില്ലിനു പകരം നിയമിക്കപ്പെട്ട “തെലുങ്കാന റീജിയണല്‍ കമ്മിറ്റി” സഞ്ജീവ റെഡ്ഡിയെപ്പോലെയുള്ള നേതാക്കളുടെ ഇടപെടലുകള്‍ മൂലം നിര്‍ജീവാവസ്ഥയിലാക്കപ്പെട്ടത്‌ സമരത്തിനു ഊര്‍ജം പകര്‍ന്നു.
സമരത്തെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി മുന്കൈയ്യെടുത്തു സുപ്രീംകോടതി ജഡ്ജി വസിഷ്ട് ഭാര്‍ഗവ ചെയര്‍മാനായ കമ്മിറ്റി 1969 ഏപ്രില്‍‍22-ന് നിയമിക്കപ്പെട്ടു.കൂടാതെ 1958-ലെ ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്തുകൊണ്ട് 1970-ല്‍ പ്രസിഡന്റിന്ടെ ഉത്ത്രവിനും ഇന്ദിര കാരണഭൂതയായി.1971-ല്‍ ഇന്ദിരാഗാന്ധി തന്‍റെ വിശ്വസ്തനും, ബഹുഭാഷാപണ്‍ഠിതനും, ഒന്നാംതരംരാഷ്ട്രീയ കൌശലക്കാരനും, സര്‍വോപരി തെലുങ്കാനക്കാരനും ആയ നരസിംഹ റാവുവിനെ മുഖ്യ മന്ത്രി സ്ഥാനത്ത് അവരോധിച്ചു. റാവുവിന്ടെ ഗവണ്മെന്റ് എക്കാലത്തെയും തര്‍ക്കവിഷയമായ “മുല്‍കി” നിയമത്തിന്ടെ കാര്യത്തില്‍ മാധ്യമ പാത സ്വീകരിച്ചു.
കോടതികള്‍, തങ്ങളുടെ യാധാര്‍ധ്യ ബോധമില്ലാത്ത ഇടപെടലുകള്‍ വഴി അവരവുടെതായ പങ്ക് തെലുങ്കാന പ്രശ്നം ഗുരുതരമാക്കുന്നതില്‍ വഹിച്ചിട്ടുണ്ട്‌. 1919-ല്‍ ഹൈദരാബാദ് നിസാം തന്ടെ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ “മുല്‍കി” കള്‍ക്ക്(അന്നത്തെ ഹൈദരാബാദ് സംസ്ഥാനത്ത് ജനിച്ചവര്‍) സംവരണം ചെയ്തു. സംസ്ഥാന രൂപീകരണത്തിനു ശേഷം തീരദേശ ആന്ധ്രാക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ മുല്‍കി നിയമം ചോദ്യംചെയ്തു ഹൈക്കോടതിയെ സമീപിച്ചു. 1972-ഫെബ്രുവരിയില്‍ ഹൈക്കോടതി മുല്‍കി നിയമം റദ്ദുചെയ്തുകൊണ്ട് വിധി പുറപ്പെടുവിച്ചു. വിധി സംസ്ഥാന ഗവണ്മെന്റിനും തെലുങ്കാന നിവാസികള്‍ക്കും ഇരുട്ടടിയായി.
ഗവന്മേന്റ്റ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയും 1972 ഒക്ടോബര്‍ മാസം സുപ്രീംകോടതി മുല്കിനിയമം പുനസ്ഥാപിച്ചു വിധി പുറപ്പെടുവിച്ചു.
തീരദേശആന്ധ്രാ നിവാസികള്‍ പ്രക്ഷുബ്ധരായി ഉത്തരവിനെതിരെ രംഗത്ത് വന്നു. തങ്ങളുടെ സംസ്ഥാനത്ത് തങ്ങള്‍ രണ്ടാംകിട പൌരന്മാരായി ജീവിക്കാന്‍ സാധ്യമല്ല എന്ന് ഉഗ്രപ്രസ്താവന നടത്തി.
കേന്ദ്രസര്‍ക്കാര്‍  1980-വരെ സംസ്ഥാനത്ത് മുല്‍കി നിയമം പാലിക്കാനും അതിനു ശേഷം നിയമം പിന്‍വലിക്കാനും തീരുമാനിച്ചു. ഇത്തരത്തില്‍ വ്യവസ്ഥ ചെയ്യുന്ന ബില്ല് 1972 ഡിസംബര്‍മാസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കി. പക്ഷേ തീരദേശ ആന്ധ്രാക്കാരായ ജനങ്ങള്‍ മുല്കിനിയമം ഉടനടി പിന്‍വലിക്കണ൦ എന്ന നിലപാടില്‍ ഉറച്ചു നിന്നു. ഡെപ്യൂട്ടി മുഖ്യമന്ത്രി സുബ്ബറെഡ്ഡിയുടെ നേതൃത്വത്തില്‍ കൂടിയ സമ്മേളനം(ഡിസംബര്‍ 31, 1972) ആന്ധ്രയെ സ്തംഭിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് രംഗത്ത് വന്നു. വന്‍തോതില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സമര൦ പൊതുമുതലിനും മനുഷ്യജീവനും നാശനഷ്ടങ്ങള്‍ വരുത്ത്തിവച്ച്ചു മുന്നേറിയപ്പോള്‍ ഗത്യന്തരമില്ലാതെ ഇന്ദിര 1973 ജനുവരി മാസം പ്രസിഡന്റ് ഭരണം പ്രഖ്യാപിച്ചു.
നെഹ്രുവിനു ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുള്ള ഒരേ ഒരു “പുരുഷനായ” ഇന്ദിരാഗാന്ധി ശക്തമായിത്തന്നെ ഇടപെട്ടു. ഇരുഭാഗത്തുമുള്ള നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയ ഇന്ദിര “ആറിന ഫോര്‍മുല” മുന്നോട്ടു വച്ചുകൊണ്ട് പ്രശ്നത്തിനു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിന്ടെ നിയമപരിരക്ഷക്ക്‌ ആവശ്യമായ ഭേദഗതി 32-അം ഭരണഘടന ഭേദഗതിയായി 1973-ല്‍ നിലവില്‍ വന്നു.
ആറിന ഫോര്‍മുല പ്രത്യേക നിബന്ധനയായി ആര്‍ട്ടിക്കിള്‍ 371-D ആയി ചേര്‍ക്കപ്പെടുകയും അനുസൃതമായി GO Ms NO674 എന്ന പേരില്‍ പ്രസിടന്ഷ്യല്‍ ഉത്തരവ് ഉണ്ടാകുകയും(ഫെബ്രുവരി 20 1975).മുല്കിനിയമ പിന്‍വലിക്കല്‍ നിയമം 1973-ലും 74-ല്‍ തെലുങ്കാനാ റീജിയണല്‍ കമ്മിറ്റി നിര്‍ത്തല്‍ ചെയ്തു കൊണ്ടുള്ള ഓര്‍ഡറും ഉണ്ടായി.
ചരിത്രത്തിന്ടെ വികൃതി എന്നവണ്ണം തെലുഗുദേശീയ വികാരത്തിന്ടെ ഉയര്‍ച്ചയ്ക്കും തദ്വാരാ കൊന്ഗ്രെസ്സിന്ടെ പതനത്തിനും ആറിന ഫോര്‍മുല വഴിവെച്ചു എന്നത് പില്‍ക്കാല ചരിത്രം
1973 മുതല്‍ 82 വരെ ഭരിച്ച ഗവന്മേണ്ടുകള്‍ വലിയ പക്ഷഭേദങ്ങള്‍ ഇല്ലാതെ ആന്ധ്രയെ നയിക്കുന്നതില്‍ വിജയിച്ചുവെന്ന് വിലയിരുത്താം.തെലുങ്കാന പ്രക്ഷോഭത്തിന്റെ മുന്നണി നേതാവായിരുന്ന ഡോ.ചന്നറെഡ്ഡി 1978ല്‍ മുഖ്യ മന്തിയാവുകയും “ തെലുങ്കാന ഒരു പ്രശ്നമായി ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ല” എന്ന് പ്രഖ്യാപിക്കുക വരെ ചെയ്തു. എന്നാല്‍ 1982 കള്‍ക്ക് ശേഷം വന്ന തെലുങ്കാനയ്ക്ക് പുറത്തു നിന്നും ഉള്ള മുഖ്യമന്ത്രിമാര്‍ പിന്നെയും തെലുങ്കനമെഖലയോട് ചിറ്റമ്മനയം കാട്ടാന്‍ തുടങ്ങി.


തെലുങ്കാന വാദം വീണ്ടും ചൂടുപിടിക്കുന്നു

1997-ല്‍ കാക്കിനാഡയില്‍ ചേര്‍ന്ന BJP ദേശീയ എക്സിക്യൂട്ടിവ് തെലുങ്കാന എന്ന പുണ്ണ് വീണ്ടും മാന്തിപ്പൊളിക്കുന്നതില്‍ വിജയിച്ചു.1998ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ “ ഒരു വോട്ട് രണ്ട് സംസ്ഥാനം” എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചു. കൊണ്ഗ്രസ്സിനു ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. അവരും രംഗത്തിറങ്ങി. തെലുങ്കാന പ്രദേശത്തുനിന്നും ഉള്ള MLA മാര്‍ തെലുങ്കാനാ “കോണ്ഗ്രസ് ലെജിസ്ലേച്ചര്‍സ് ഫോറം” എന്ന സമിതിയുമായി രംഗപ്രവേശം ചെയ്തു.
“ജയ് കോണ്ഗ്രസ് ജയ് തെലുങ്കാന” എന്നതായിരുന്നു മുദ്രാവാക്യം.
തെലുങ്കാനയുടെ രാഷ്ട്രീയം ഇക്കുറി തുണച്ചത് TRS നെ ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ നേട്ടം കൊയ്ത്തു.തെലുങ്കാന എന്ന ആശയം സജീവമാക്കി നിര്‍ത്താന്‍ ഉള്ള ആശയപരവും സംഘടനാപരവുമായ എല്ലാ പിന്തുണയും TRS ഏറ്റെടുത്തു.ഈയൊരു ഒറ്റ ലക്‌ഷ്യം മുന്നില്‍വച്ചു അവര്‍ സംസ്ഥാനത്തും കേന്ദ്രത്തിലും രാഷ്ട്രീയ പ്രാമുഖ്യതിനുള്ള കരുക്കള്‍ നീക്കി. 2004-ലെ സംസ്ഥാന ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ അവര്‍ കൊണ്ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ടു. അതിനനുസരണമായി UPA അവരുടെ 2004-ലെ മിനിമം പരിപാടിയില്‍, തെലുങ്കാനയിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കും എന്ന് പ്രഖ്യാപിക്കയും ചെയ്തു.
ഐക്യ ആന്ധ്ര ഗളഛേദം ചെയ്യപ്പെടാനുള്ള ചരിത്ര സാഹചര്യങ്ങള്‍ അങ്ങനെ അണിയറയില്‍ ഒരുക്കപ്പെട്ടു. യു.പി.എ ഗവന്മേന്റ്റ് ഈയൊരു ഉദ്ദേശത്തോടെ ഇന്നത്തെ പ്രസിഡണ്ട്‌ ശ്രീ.പ്രണബ് കുമാര്‍ മുഖര്‍ജി ചെയര്‍മാനും, ദയനിധിമാരനും ഡോ.രഘുവംശ പ്രസാദ് സിങ്ങും അംഗങ്ങള്‍ ആയും മൂന്നംഗ സമിതിയെ നിശ്ചയിച്ചു. കമ്മിറ്റി വിശദമായ ചര്‍ച്ചകളും സിറ്റിംഗുകളും നടത്തി ഒരു തീരുമാനവും എടുക്കാതെ പരമസൌഹാര്‍ദ്ദത്തോടെ അവസാനിച്ചു. 2006 വരെ ക്ഷമയോടെ കാത്തിരുന്നു മടുത്ത TRS അവസാനം ക്ഷമയുടെ നെല്ലിപ്പലകയും പേറി UPA വിട്ടിറങ്ങി.
2008 ല്‍ MLA മാരെയും MP മാരെയും രാജിവയ്പിച്ചു കൊണ്ട് അവര്‍ ഇടക്കാല തിരഞ്ഞെടുപ്പ് അനിവാര്യമാക്കി. പക്ഷേ TRS ഇക്കുറി തിരഞ്ഞെടുപ്പില്‍ കനത്ത വിലനല്‍കി പിന്നാക്കം പോകുന്ന കാഴ്ചയാണ് നിരാശയോടെ തെലുങ്കാന അനുകൂലികള്‍ കണ്ടത്.
ഗതികെട്ട TRS പുലിത്തലവന്‍ ചന്ദ്രശേഖര റാവു 2009 നവംബര്‍ 29 ന് മരണം വരെ ഉപവാസം പ്രഖ്യാപിച്ചുകൊണ്ട് അരിശം തീര്‍ത്തു.
ഉപവാസ ദിനം റാവു അറസ്റ്റിലായി. അടുത്ത ദിവസം തിരക്കഥ അനുസരിച്ച് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചുകൊണ്ട് രംഗം വിട്ടു എങ്കിലും കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും കടിഞ്ഞാന്‍ വിട്ടു പോയിരുന്നു. അനുയായികള്‍ അദ്ദേഹത്തെ അങ്ങനെ വിടാന്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിനു വീണ്ടും ഉപവാസപ്പന്തലില്‍ തിരിച്ചെത്തേണ്ടി വന്നു. അടുത്ത കുറച്ചു ദിനങ്ങള്‍ അക്രമങ്ങളുടെതും, ആത്മാഹുതികളുടെതും ആയിരുന്നു.
സ്ഥിതിഗതികള്‍ “വിലയിരുത്തിയ” കേന്ദ്ര ഗവന്മേന്റ്റ് 2009 ഡിസംബര്‍ 9ന് തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള നടപടികള്‍ തുടങ്ങുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതോടു കൂടി ചന്ദ്ര ശേഖര റാവു ഉപവാസം പിന്‍വലിച്ചു.
സ്വാഭാവികമായും അടുത്ത ഊഴം തീരദേശ ആന്ധ്രയുടെയും റായല സീമയിലെയും ജനങ്ങളുടെതായിരുന്നു. ഡിസംബര്‍ 11 ന് പൂര്‍ണ്ണമായും വിജയമായിരുന്ന ഒരു ഗംഭീര ബന്ദ് നടത്തിയും മരണംവരെയുള്ള ഉപവാസങ്ങള്‍, അക്രമം, തീവെയ്പ്പു മുതലായ കലാപരിപാടികള്‍ യഥേഷ്ടം നടന്നു.
സ്ഥിതിഗതി “വിശദമായി വീണ്ടും വിലയിരുത്തിയ” കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 23 ന് മറ്റൊരു പ്രസ്താവന ഇറക്കി. സ്ഥിതിഗതികള്‍ രണ്ടാഴ്ചകള്‍ കൊണ്ട് “ഗണനീയമായ നിലയില്‍” മാറിക്കഴിഞ്ഞു എന്നും .അതിനാല്‍ ഡിസംബര്‍ 9ന്ടെ പ്രഖ്യാപനം തല്‍ക്കാലം മരവിപ്പിക്കുന്നതായും വിശദമായ കൂടിക്കാഴ്ച്ചകള്‍ക്ക് തുടക്കമിടുന്നതായും കേന്ദ്രന്‍ പ്രഖ്യാപിച്ചു.
തെലുങ്കാന മേഖലയിലെ ജനങ്ങള്‍ തങ്ങളോടുള്ള വഞ്ചനയായി ഈ പ്രഖ്യാപനത്തെ വിലയിരുത്തുകയും മേഖലയില്‍ നിന്നുള്ള 63 MLA മാര്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബര്‍ ന് ആക്ഷന്‍ കമ്മിറ്റി മേഖലയില്‍ ബന്ദും പ്രഖ്യാപിച്ചു.

ശ്രീ കൃഷ്ണ കമ്മിഷന്‍ പ്രഖ്യാപിക്കപ്പെടുന്നു

കാര്യങ്ങളെ യുക്തിസഹമായി വിലയിരുത്താനും പോംവഴികള്‍ കണ്ടെത്താനുമുള്ള തങ്ങളുടെ “അപാരമായ കഴിവുകേട്” കൊണ്ട് സമ്മര്‍ദ്ദത്തിലായ കേന്ദ്ര ഗവന്മേന്റ്റ് 2010 ജനുവരി മാസം 3  ആം തീയതി “ആന്ധ്ര പ്രദേശ്‌ സ്ഥിതിഗതികള്‍ വിലയിരുത്തല്‍ കമ്മിറ്റി” അഥവാ ശ്രീ കൃഷ്ണ കമ്മിഷന്‍ രൂപീകരിച്ചു കൊണ്ട് പ്രസ്താവന ഇറക്കി.
മുന്‍ ചീഫ്‌ ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ ചെയര്‍മാനായ അഞ്ചംഗ കമ്മിറ്റി എഴിന “ടേംസ് ഓഫ് റഫറന്‍സ്” ആധാരമാക്കിയാണ് തെളിവെടുപ്പുകള്‍ നടത്തിയത്.
അന്വേഷണ പരിധിയില്‍ നിന്നും കൊണ്ട് വിശദമായ അഭിപ്രായ ശേഖരണം നടത്തിയ കമ്മിഷന്‍ ഡെഡ് ലൈന്‍ ഡേറ്റ് ആയ ഏപ്രില്‍‍10 നകം 60000 ത്തിലധികം നിവേദനങ്ങള്‍ സ്വീകരിക്കയുണ്ടായി. ആകെ മൊത്തം ഒരുലക്ഷത്തോളം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആണ് കമ്മിഷന് മുന്നില്‍ എത്തിയത്. സംസ്ഥാനത്തിന്ടെ എല്ലാ ഭാഗങ്ങളിലും യാത്ര ചെയ്തു തെളിവെടുപ്പ് നടത്തിയ കമ്മിഷന്‍ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പട്ടിക ജാതി/വര്‍ഗക്കാര്‍, സന്നദ്ധ സംഘടനകള്‍ മുതലായ എല്ലാ തുറകളില്‍ പെട്ടവരും ആയി ആശയവിനിമയം നടത്തി.
 കമ്മിറ്റി ഡിസംബര്‍ 31 2010 ന് 461 പേജ് വരുന്ന വിശദ റിപ്പോര്‍ട്ട് ഗവന്മേന്റ്റ് മുന്‍പാകെ സമര്‍പ്പിച്ചു.
കമ്മിഷന്‍ അതിന്ടെ റിപ്പോര്‍ട്ടില്‍ എത്തിചേര്‍ന്ന ചില നിഗമനങ്ങള്‍ ശ്രദ്ധയാകര്ഷിക്കുന്നവയാണ്.

നിരീക്ഷണങ്ങള്‍

സംസ്ഥാനത്തെ പ്രാദേശിക ഘടനയിലെ നിലവിലെ വലിയ അന്തരത്തിനും തദ്വാരാ പ്രാദേശിക വിഘടന വാദത്തിനും ഭരണകൂടം തുടക്കമിട്ട നവ ലിബറല്‍ നയങ്ങളുടെ കുത്തൊഴുക്ക് പ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്‌.
ഉദാഹരണമായി കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതകളില്‍ ഒന്ന് സംസ്ഥാനത്തിന് മൊത്തം ലഭിച്ച FDI നിക്ഷേപമായ 12,421 കോടി രൂപയില്‍ തെലുങ്കാനക്ക് 6490 കോടി ലഭിച്ചിട്ടുണ്ട്. അതില്‍ ഏറിയ പങ്കും ഹൈദരാബാദിനാണ് ലഭിച്ചത്.
സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക പ്രദേശം റായല സീമയാണ്.
തെലുങ്കാന, വികസന സൂചികളില്‍ രായലസീമയെക്കാള്‍ വളരെ മുന്നിലാണ്.
തീരദേശ ആന്ധ്രാക്കാരായ ജനങ്ങള്‍ തെലുങ്കാനാ രൂപീകരണത്തെ ഭയാശങ്കയോടുകൂടി ആണ് വീക്ഷിക്കുന്നത്. ഹൈദരാബാദ്-ന്ടെ നഷ്ടം തങ്ങളുടെ മേഘലയെ വളരെ ഗുരുതരമായി ബാധിക്കും എന്ന് അവര്‍ക്ക് ബോധ്യമുണ്ട്. തങ്ങള്‍ക്ക് പരമ്പരാഗതമായി ഉണ്ടായിരുന്ന ഒരു വലിയ കമ്പോളത്തിന്ടെ നഷ്ടം തങ്ങളുടെ മേഘലയുടെ സാമ്പത്തിക മേല്‍ക്കൈ ഇല്ലാതാക്കും എന്നവര്‍ക്ക് ഭീതി ഉണ്ട്.
ഗിര്‍ഗ്ലിയാനി റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ശ്രീകൃഷ്ണ കമ്മിഷന്‍ കണ്ടെത്തുന്നത് 1985 മുതല്‍ 2005 വരെയുള്ള 20 വര്‍ഷക്കാലം മാത്രം തെലുങ്കാനയ്ക്ക് അവകാശപ്പെട്ട 1,40000 സര്‍ക്കാര്‍ തസ്തികകള്‍ തീരദേശ മേഘലയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ കവര്ന്നെടുതിട്ടുണ്ട് എന്നാണ്.
ഒരു ഉപ-ദേശീയ പ്രസ്ഥാനംഎന്ന നിലയില്‍ തെലുങ്കാന, ദേശീയ സുരക്ഷയ്ക്ക് ഭീഷണി അല്ല.
ഒരു യൂനിറ്റ് എന്ന നിലയില്‍ ആന്ധ്ര പ്രദേശ്‌ ഒന്നായി നില്‍ക്കുന്നത് ആണ് മൂന്നു പ്രദേശങ്ങള്‍ക്കും നല്ലത്.
തെലുങ്കാന രൂപീകരണം ഭാവിയില്‍ നദീജല പ്രശ്നം പോലെ ഉള്ള രൂക്ഷമായ പ്രസ്നങ്ങള്‍ക്ക് ഇടവരുത്തും.
തെലുങ്കാന രൂപീകരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഉപ-ദേശീയ വാദങ്ങള്‍ ശക്തിപ്പെടുതുകയും രാജ്യത്തിന്ടെ അഖണ്ഢതയെ തന്നെ ബാധിച്ചേക്കാം.

കമ്മിഷന്‍ മുന്നോട്ടു വച്ച ആറിന നിര്‍ദ്ദേശങ്ങള്‍

1)      തല്‍സ്ഥിതി തുടരുക:- ഇപ്പോള്‍ നിലവിലുള്ള രീതിയില്‍ ആന്ധ്രയെ നിലനിര്‍ത്തുക
2)      സംസ്ഥാനത്തെ സീമാന്ധ്രയും തെലുങ്കാനയും ആയി വിഭജിക്കുക.രണ്ടു പ്രദേശങ്ങളും വെവ്വേറെ തലസ്ഥാനം രൂപീകരിക്കുക. ഹൈദരാബാദ് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക.
3)      ഹൈദരാബാദ് തലസ്ഥാനമാക്കിക്കൊണ്ട് റയല-തെലുങ്കാനയും, പുതിയ തലസ്ഥാനത്തോടെ തീരദേശ ആന്ധ്രയും ആയി സംസ്ഥാനം വിഭജിക്കുക.
4)      സംസ്ഥാനത്തെ സീമാന്ധ്രയും തെലുങ്കാനയും ആക്കി വിഭാജിക്കയും വിശാല ഹൈദരാബാദ് കേന്ദ്രഭരണ പ്രദേശമാക്കി തീരദേശ ആന്ധ്രയിലെ ,ഗുണ്ടൂര്‍ വഴി നല്‍ഗോണ്ട ജില്ലയുമായും തെക്ക് ഭാഗത്ത് കുര്‍ണൂല്‍ ജില്ല വഴി രായലസീമയുമായും ബന്ധപ്പെട്ടു കിടക്കുന്ന രീതിയില്‍ രൂപീകരിയ്ക്കുക.
5)      സംസ്ഥാനത്തെ ഹൈദരാബാദ് ആസ്ഥാനമാക്കി തെലുങ്കാനയും സീമാന്ധ്രയും ആക്കി വിഭജിക്കുക. സീമാന്ദ്രക്ക് പുതിയ തലസ്ഥാനം പില്‍ക്കാലത്ത് രൂപീകരിക്കുക- ഇതാണ് രണ്ടാമത്തെ നല്ല നിര്‍ദ്ദേശമായി കമ്മിഷന്‍ മുന്നോട്ടു വച്ചത്.
6)      കമ്മിഷന്‍ ഏറ്റവും യുക്തിസഹമായി കണ്ടെത്തിയ പരിഹാരം സംസ്ഥാനത്തെ വിഭജിക്കാതെ നിലനിര്‍ത്തിക്കൊണ്ട് ഭരണഘടനാ പടവിയോടു കൂടിയ “തെലുങ്കാനാ റീജിയണല്‍ കൌണ്‍സില്‍” രൂപീകരിക്കയും അത് വഴി തെലുങ്കാനയുടെ സാമൂഹിക-സാമ്പത്തിക പ്രയാസങ്ങളെയും രാഷ്ട്രീയ പ്രശനങ്ങളെയും പരിഹരിക്കുക.


കമ്മിഷന്‍ ഏകീകൃത ആന്ധ്രയ്ക്ക് വേണ്ടി അതിശക്തമായി വാദിച്ചു എങ്കിലും.ജൂലൈ 30ന്ടെ UPA തീരുമാനം സൂചിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ പരിഗണനയും, വോട്ട് ബാങ്ക് രാഷ്ട്രീയവും സംസ്ഥാനത്ത് നിലനിന്ന സമൂര്‍ത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് മുകളില്‍ ആധിപത്യം നിലനിര്‍ത്തി എന്ന് തന്നെ ആണ്. ഇതേ പാര്ടിയാല്‍ അട്ടിമറിക്കപ്പെട്ട ആന്ധ്രാപ്രദേശ്ന്ടെ പ്രശ്നപരിഹാരം, ഭരണഘടനാ പദവിയുള്ള റീജിയണല്‍ കൌണ്‍സില്‍ എന്ന പോംവഴി, വീണ്ടും അട്ടിമറിക്കപ്പെടുകയും പ്രശനത്തെക്കാള്‍ ഗുരുതരമായ പോംവഴിയിലേക്ക് കൊണ്ഗ്രെസ്സ് പാര്‍ട്ടി രാജ്യത്തെ തള്ളി നീക്കുകയും ചെയ്തപ്പോള്‍, ഇതിനൊക്കെ വഴിമരുന്നിട്ട BJP ആകട്ടെ അവസരവാദപരമായ നിലപാടിലൂടെ ഒരു സംസ്ഥാനത്തെ ആകെ കൂട്ടക്കുഴപ്പത്തില്‍ അകപ്പെടുത്തുകയും ചെയ്തിക്കുന്നു.

ഇത്തരം രാഷ്ട്രീയമായി ദൂരക്കാഴ്ച ഇല്ലാത്ത തീരുമാനം കൈക്കൊണ്ട കൊണ്ഗ്രെസ്സ് തങ്ങളുടെ രണ്ടു നേതാക്കളെ തെറ്റായ തീരുമാനങ്ങളുടെ പേരില്‍ കുരുതികൊടുക്കേണ്ടി വന്ന പ്രസ്ഥാനം ആണെന്നത് ഓര്‍ക്കണം.പഞ്ചാബ് രാഷ്ട്രീയത്തില്‍ അകാലികളുടെ സ്വാധീനത്തെ നേരിടാന്‍, താന്‍ തന്നെ പാല് നല്‍കി വളര്‍ത്തിയ ഭിന്ദ്രന്‍ വാല എന്ന “ഫ്രാങ്കന്‍സ്ടിന്‍ ഭൂതത്തിന്റെ” അനുചരന്മാരാല്‍ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടു. തങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പരിശീലനം കൊടുത്ത LTTE എന്ന തമിഴ് ഭീകര സംഘടനയെ നേരിടാന്‍ പില്‍ക്കാലത്ത് അയല്‍രാജ്യത്തേക്ക് ഇന്ത്യന്‍ സേനയെ അയച്ച രാജീവ്‌, സേന അവിടെക്കാട്ടിയ അക്രമങ്ങള്‍ക്ക് സ്വന്തം ജീവന്‍ കൊണ്ട് കണക്കു തീര്‍ക്കേണ്ടി വന്നു. അതേ പ്രസ്ഥാനം വീണ്ടും മറ്റൊരു ഗജ മണ്ടത്തരം വഴി ചരിത്രത്തില്‍ നിന്നും തങ്ങള്‍ ഒന്നും പഠിച്ചിട്ടില്ല എന്ന് ലോകത്തോട്‌ വീണ്ടും കാട്ടിത്തരികയാണ്.


No comments:

Post a Comment